Friday, 8 June 2018

ഭ്രാന്ത്
Shaji Narayan
എന്നെ മുറിക്കകത്തിട്ട് പൂട്ടി കതകടക്കുമ്പോൾ ചേട്ടന്റെ കണ്ണ് നിറഞ്ഞു. ജനലിന്റെ ഒരു പാളി പുറത്തു നിന്നും വലിച്ചുതുറന്ന്' ഒരു പാത്രം ഉള്ളിൽ വച്ചു.
'നീ എന്തൊക്കെയാണ് ഈ കാണിക്കുന്നത് നിനക്കെന്തു പറ്റി'. ജനലിനടുത്തു വന്നു നിന്ന് ഞാൻ ചേട്ടനോട് ചോദിച്ചു.
'നിനക്കൊന്നും അറിയില്ല' പറഞ്ഞു തീരും മുൻപേ അവന്റെ മകൾ വന്നു ചേട്ടനെ പിടിച്ചു കൊണ്ട് പോയി, നടക്കുന്നതിനിടയിൽ അവൾ ചോദിക്കുന്നത് കേട്ടു.
'കൊച്ചച്ചന്റെ ഭ്രാന്ത് മാറാനാണോ പൂട്ടിയിടുന്നത്?'.
'മും...'
എനിക്കും ചേട്ടനും രണ്ടു പെൺകുട്ടികൾ ആണ്. ജനനത്തേക്കാൾ കൂടുതൽ മരണം കുറച്ചു കൊല്ലങ്ങൾ കൊണ്ട് ഞങ്ങളുടെ വീട്ടിൽ നടന്നു. നാലു മരണങ്ങൾ. രണ്ടു പേർ എന്റെ പ്രിയപ്പെട്ടവർ, അച്ഛച്ചനും അമ്മയും. എനിക്കറിയാം അവൻ ചെയ്തതാണ് ശരി, ഇടയ്‌ക്കെന്നെ മറ്റാരോ നിയന്ത്രിക്കുന്നത് പോലെയാണ്. തോന്നിയതൊക്കെ ആ നേരത്ത് ചെയ്യും, വിളിച്ചു പറയും, അല്ലെങ്കിൽ ആകെയുള്ള ഒരു മുറിയിൽ അവൻ എന്നെ ഒറ്റയ്ക്ക് കിടത്തില്ല.
ജനൽ അടച്ചിട്ടു. നല്ല ഇരുട്ട് മുറിയിൽ, അവൻ വിരിച്ചിട്ട പായയിൽ വരെ എത്തിയില്ല. അവിടെ തന്നെ കിടന്നു. അച്ഛച്ചൻ അമ്പലത്തിൽ ഇരുന്നു മണി അടിക്കുന്നത് കിടക്കുമ്പോൾ വ്യക്തമായി കേൾക്കാം. സ്ഥിരമായി തൊഴാൻ വരുന്നവർ എല്ലാം ഉണ്ട്. പൂജ കഴിഞ്ഞു അച്ചാച്ചൻ നട തുറന്നു. പ്രതിഷ്ഠയിൽ നിന്നും വെളിച്ചം കണ്ണിലേക്കു പതിച്ചു. കണ്ണ് തുറക്കാൻ വയ്യ ഒരു വയസ്സൻ നിഴൽ വന്നു വെളിച്ചത്തിൽ നിന്നു, അച്ഛൻ! ജനലിലൂടെ ഒരു പൊതി തുറന്നു നീട്ടി.
'രണ്ടെണ്ണം എണ്ണം എടുത്തൊടാ'.
'എന്താ?
'ചക്ക അടയാണ് നിനക്കിഷ്ടമുള്ളതല്ലേ'
'ഇങ്ങു ഇട്ടേക്കു എണീക്കാൻ വയ്യ'.
അച്ഛന്‍ പൊതി ഇട്ടു തന്നു. അത് വന്നു തലയുടെ അരികിൽ കമിഴ്ന്നു വീണു.
'എടാ മോനെ വിനൂ, വാതിൽ ഒന്ന് തുറന്നേടാ. ആ അട മണ്ണിൽ വീണു.
'വേണ്ടാ കുറച്ചു കഴിയട്ടെ'.
കണ്ണുകളടച്ചു കിടന്നു, അച്ഛന് നല്ല വയസ്സായി. മരിക്കാനുള്ള അസുഖങ്ങളെല്ലാം അച്ഛനുണ്ട്, എന്നാലും മരിക്കുന്നില്ല. മരണങ്ങളുടെ എണ്ണം ഞാൻ വീണ്ടും എണ്ണി തിട്ടപ്പെടുത്തി. നാല് പേർ, അച്ചാച്ചൻ, അച്ഛമ്മ, കൊച്ചച്ചൻ, പിന്നെ അമ്മയും.
'ഈ ജനാല ഒന്ന് അടച്ചിടെടാ'.
ഞാൻ വിളിച്ചു പറഞ്ഞു. വെളിച്ചം വീണ്ടും മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. ലോകത്തിനു വെളിച്ചം നല്കുന്ന ദൈവങ്ങളെ ഇരുട്ടിലാക്കി അമ്പലനട അടച്ച് അച്ചാച്ചൻ വീട്ടിലേക്കു വരുന്നത് കാണാം.
'കണ്ടോ അടയിൽ മുഴുവൻ ഉറുമ്പ് കയറി'.
തിരിഞ്ഞു നോക്കിയപ്പോൾ, അമ്മ അച്ഛന് കൊണ്ടുവന്ന അടയിൽ നിന്നും ഉറുമ്പിനെ എടുത്തു കളഞ്ഞു ഒരു ചെറിയ കഷണം ഒടിച്ചെടുത്ത് എനിക്ക് തന്നു.
'അച്ഛന്റെ ഒരു ദിവസത്തെ പണിക്കാശുകൊണ്ടാവും എല്ലാവർക്കും ഇത് വാങ്ങി വന്നത്. അത് നീ കഴിക്കാഞ്ഞത് മോശമായി'.
'അച്ഛൻ പണിക്കു പോകുന്നോ?' ചിരിയെനിക്കടക്കാൻ കഴിഞ്ഞില്ല.
 'എന്താടാ ഇത്ര ചിരിക്കാൻ'?
കതകു തുറന്നു കൊണ്ട് ചേട്ടൻ ചോദിച്ചു.
'എടാ നീ കതകു തുറന്നു അകത്തു വാ, നിനക്ക് ഞാനൊരാളെ കാണിച്ചുതരാം'.
 'ആരാ?'

No comments:

Post a Comment

ശരണാലയത്തിന്‍റെ മുന്നില്‍ വണ്ടി നിന്നു. അച്ഛന്‍ വടിയും ഊന്നി പുറത്തേക്കിറങ്ങാന്‍ തുനിഞ്ഞു .പിച്ച വെപ്പിച്ച കൈകളില്‍ ഊന്നു വടി. എന്‍റെ പ...